Wednesday, 10 Dhu al-Hijjah 1439
You are here: HomeMemoriesകുണ്ടൂര്‍ ഉസ്താദ്‌ നേതാവും പ്രവര്‍ത്തകനുമായ സൂഫിവര്യന്‍

കുണ്ടൂര്‍ ഉസ്താദ്‌ നേതാവും പ്രവര്‍ത്തകനുമായ സൂഫിവര്യന്‍

Published in Spiritulal Memories
06 December 2015

ആമുഖങ്ങളോ അലങ്കാരങ്ങളോ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കുണ്ടൂര്‍ ഉസ്താദ്. മലയാളികള്‍ക്ക് സുപരിചിതനും സുന്നികള്‍ക്ക് സൂഫിവര്യനുമാണ്. ജീവിത വിശുദ്ധിയുടെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃക മലയാളികള്‍ ഉസ്താദില്‍ കാണുന്നു. പഠിച്ച അറിവുകള്‍ അപ്പാടെ ജീവിതത്തില്‍ പ്രവൃത്തിച്ചു കാണിച്ചു ഉസ്താദ്. വേദനിക്കുന്നവരെ കണ്ടെത്തി സഹായം ചെയ്തു. അവരുടെ കണ്ണീരൊപ്പാന്‍ ഒപ്പം എത്ര പേരുണ്ടെന്ന് പോലും നോക്കാതെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. കര്‍ക്കിടക മാസത്തില്‍ കടലിന്റെ മക്കള്‍ കടുത്ത പട്ടിണി അഭിമുഖീകരിക്കുമ്പോള്‍ അരിയും മറ്റു ഭക്ഷണ വിഭവങ്ങളുമായി കുണ്ടൂര്‍ ഉസ്താദ് പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ തീരമേഖലകളില്‍ പാഞ്ഞെത്തും. ബുദ്ധിമുട്ടുന്നവരെ അദ്ദേഹം ഊട്ടും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്ന ഘട്ടങ്ങളില്‍ ഉസ്താദ് സഹായം നല്‍കിയും ആശ്വാസം പകര്‍ന്നും അവരുടെ ഒപ്പമുണ്ടാകുമായിരുന്നു. ഗ്രാമ പഞ്ചായത്തുകളെയോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളെയോ കാത്തുനില്‍ക്കാതെ റോഡുകളിലെ കുഴികളടച്ചും മണ്ണിട്ടു മൂടിയും ഗതാഗത തടസ്സം നീക്കുമായിരുന്നു. പൊതു നിരത്തിലിറങ്ങി ജനസാമാന്യത്തിന് സഞ്ചാര സൗകര്യം ഒരുക്കിയ വേറിട്ട മാതൃക കേരളം കണ്ടത് കുണ്ടൂര്‍ ഉസ്താദിലാണ്. ചിരിയും ചിന്തയും കുണ്ടൂര്‍ ഉസ്താദിന്റെ നയനങ്ങളിലും അധരങ്ങളിലും ഒരുപോലെ കളിയാടിയിരുന്നു. ആഗതന്റെ മനസ്സറിഞ്ഞ് പരിഹാരം നിര്‍ദേശിക്കുമായിരുന്നു. ആത്മീയ പ്രകാശം ജ്വലിച്ചു നില്‍ക്കുന്ന വദനമായിരുന്നു ഉസ്താദിന്റേത്. ദിക്‌റിന്റെ വചസ്സുകള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന ഉസ്താദിന്റെ പല്ലും ചുണ്ടുകളും വശ്യമായൊരു കാഴ്ച തന്നെയായിരുന്നു. ആദര്‍ശ രംഗത്ത് കൃത്യമായ നിലപാടുകളോടെ ഉറച്ചുനിന്ന ധീര കേസരിയായിരുന്നു കുണ്ടൂര്‍ ഉസ്താദ്. സുന്നീ ആദര്‍ശത്തില്‍ ചിലര്‍ക്ക് ഇടര്‍ച്ച വന്ന ഘട്ടത്തില്‍ താജുല്‍ ഉലമക്കും നൂറുല്‍ ഉലമക്കും ഖമറുല്‍ ഉലമക്കും ഒപ്പം ഉറച്ചുനിന്ന് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കാന്‍ ഉസ്താദുണ്ടായിരുന്നു. വിനീതമായിരുന്നു ഉസ്താദിന്റെ പെരുമാറ്റം. ഏത് ചെറിയ പ്രവര്‍ത്തകനെയും വളരെ നന്നായി പരിഗണിക്കുമായിരുന്നു. ഞാന്‍ നിങ്ങളില്‍ ഒരാളെന്ന് അവരോട് ഉസ്താദ് പറയുമായിരുന്നു. ഏത് ജോലിയും പ്രവര്‍ത്തകരോടൊത്ത് ചെയ്യാന്‍ കുണ്ടൂര്‍ ഉസ്താദിന് ഒരു വൈമനസ്യവും ഉണ്ടായിരുന്നില്ല. ഈ ത്യാഗസന്നദ്ധതയും സംഘടനാ പ്രതിബദ്ധതയുമാണ് ഉസ്താദിനെ വ്യത്യസ്തനാക്കുന്ന പല ഘടകങ്ങളില്‍ ഒന്ന്. ആത്മീയ മജ്‌ലിസുകളിലെ ആകര്‍ഷണ സാന്നിധ്യമായിരുന്നു ഉസ്താദ്. സിറാജ് ദിനപത്രത്തിന് മറക്കാനാകാത്ത നേതൃത്വമായിരുന്നു അദ്ദേഹം. എല്ലാവരും ബഹുമാനം തരുന്ന ഗുരുവെന്ന പരിഗണനകള്‍ മാറ്റിവെച്ച് സിറാജ് ദിനപത്രത്തിന്റെ കെട്ടുകള്‍ തലയിലേറ്റി പത്രം വിതരണം നടത്തിയ ഉസ്താദിനെ ഓര്‍ത്തു നോക്കൂ. അതായിരുന്നു കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെന്ന വലിയ പണ്ഡിതനും സൂഫിവര്യനും ആശിഖുര്‍റസൂലുമായ കുണ്ടൂര്‍ ഉസ്താദ്. ഉസ്താദിന്റെ പത്താം ഉറൂസ് മുബാറക്കാണ് ഇ പ്പോള്‍ നടക്കുന്നത്. വിയോഗത്തിന് ശേഷം പത്ത് കൊല്ലം കഴിഞ്ഞു എന്നത് കണക്കുകളില്‍ മാത്രമാണ്. മഹാന്മാര്‍ വിയോഗാനന്തരവും ജീവിക്കും എന്നത് എത്ര ശരി. ഓര്‍മകളില്‍ മാത്രമല്ല, കണ്‍വെട്ടത്തും ഉസ്താദ് ഉണ്ട് എന്ന് ആദര്‍ശ കേരളം ഒന്നിച്ച് പറയുന്നു. ആദര്‍ശ വഴിയിലും പ്രവര്‍ത്തന പാതയിലും ഉസ്താദ് കാണിച്ചുതന്ന വ്യവസ്ഥാപിത മാര്‍ഗത്തില്‍ ചലിക്കാനും അതുവഴി ഇസ്‌ലാമിക പ്രസ്ഥാനത്തിന് കരുത്ത് പകരാനും നമുക്ക് തൗഫീഖ് ഉണ്ടാകട്ടെ. അവസാനം മഹാന്മാരൊടൊപ്പം നമുക്കും അല്ലാഹു സ്വര്‍ഗം നല്‍കട്ടെ. ആമീന്‍  

About us

bbbDesigned by : Jabir Kollam

WHO'S ONLINE