Wednesday, 08 Ramadan 1439
You are here: HomeNewsNationalസി പി ഐ മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ അന്തരിച്ചു

സി പി ഐ മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ അന്തരിച്ചു

Published in National
02 January 2016

ന്യൂഡല്‍ഹി: സി പി ഐ മുന്‍ ജനറല്‍ സെക്രട്ടറിയും ട്രേഡ് യൂനിയന്‍ നേതാവുമായിരുന്ന എ ബി ബര്‍ദന്‍ (91) അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ജെ ബി പാന്ത് ആശുപത്രിയില്‍ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ബര്‍ദനെ കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വലതുവശത്തിന് തളര്‍ച്ച ബാധിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. മൂന്നാഴ്ചത്തെ ചികിത്സക്കിടെ അദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നുവെങ്കിലും ഇന്നലെ വൈകീട്ടോടെ രക്തസമ്മര്‍ദത്തില്‍ ക്രമാതീതമായ കുറവ് വരികയായിരുന്നു. 1925 സെപ്തംബര്‍ 24ന് ബംഗ്ലാദേശിന്റെ ഭാഗമായിരുന്ന സില്‍ഹത്തില്‍ ജനിച്ച അര്‍ധേന്ദു ഭൂഷണ്‍ ബര്‍ദന്‍ എന്ന എ ബി ബര്‍ദന്‍ 1940 ലാണ് അവിഭക്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. ട്രേഡ് യൂനിയന്‍ മേഖലയില്‍ സ്ത്യുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ബര്‍ദന്‍ ശ്രദ്ധിക്കപ്പെട്ടത്. വൈദ്യുതി, റെയില്‍വേ, തുണിമില്‍, പ്രസ്, എന്‍ജിനീയറിംഗ്, പ്രതിരോധ വ്യവസായം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ബര്‍ദന്‍, ഇതിനിടെ പലതവണ അറസ്റ്റിലായി. ക്വിറ്റ് ഇന്ത്യ സമരകാലം മുതല്‍ ആകെ നാലര വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ട്രേഡ് യൂനിയന്‍ സംഘാടകനായി പ്രവര്‍ത്തിക്കവെ രണ്ട് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞു. പിന്നീട് മഹാരാഷ്ട്രയിലേക്ക് തട്ടകം മാറ്റിയ അദ്ദേഹം സി പി ഐ മധ്യപ്രദേശ് പ്രൊവിന്‍ഷ്യല്‍ കമ്മിറ്റിയിലും തുടര്‍ന്ന് മഹാരാഷ്ട്ര സംസ്ഥാന കൗണ്‍സിലിലും അംഗമായി. 1942 മുതല്‍ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമായിരുന്നു. പഠനം പലവട്ടം തടസ്സപ്പെട്ടുവെങ്കിലും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും നേടി. സംയുക്ത മഹാരാഷ്ട്രക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 1957ല്‍ നാഗ്പൂരില്‍ നിന്ന് ജയിച്ചു. നാഗ്പൂരില്‍ നിന്ന് തന്നെ 1967ലും 1980ലും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990ല്‍ സി പി ഐയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബര്‍ദന്‍, ഇന്ദ്രജിത്ത് ഗുപ്തയുടെ മരണത്തെ തുടര്‍ന്നാണ് 1996ല്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. നാഗ്പൂരിലെ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപികയായിരുന്ന ഭാര്യ പ്രഭ 1988ല്‍ മരിച്ചിരുന്നു. ഡോ. അളക (അഹമ്മദാബാദ്), അമേരിക്കയില്‍ സാമ്പത്തിക വിദഗ്ധനായ അശോക് എന്നിവര്‍ മക്കളാണ്. ഭാര്യയുടെ മരണത്തിന് ശേഷം ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ അജോയ്ഭവനിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 

About us

bbbDesigned by : Jabir Kollam

WHO'S ONLINE