Friday, 08 Shawwal 1439
You are here: HomeNewsTop Newsഖേദപ്രകടനം ഇങ്ങനെയല്ല വേണ്ടത്; ‘മാതൃഭൂമിയുടെ കത്തിന് കാന്തപുരത്തിന്‍റെ മറുപടി

ഖേദപ്രകടനം ഇങ്ങനെയല്ല വേണ്ടത്; ‘മാതൃഭൂമിയുടെ കത്തിന് കാന്തപുരത്തിന്‍റെ മറുപടി

Published in Top News
16 March 2016

മാതൃഭൂമി പത്രാധിപര്‍ എം.കേശവമേനോന്റെ കത്തിന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അയച്ച മറുപടിയുടെ പൂര്‍ണരൂപം.


എം. കേശവ മേനോന്‍


പത്രാധിപര്‍, മാതൃഭൂമി


മുസ്‌ലിംകള്‍ അവരുടെ സര്‍വ്വസ്വമായി വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പ്രവാചകന്‍ മുഹമ്മദ് (സ)യെ അധിക്ഷേപിച്ചു കൊണ്ട് മാതൃഭൂമി ദിനപത്രത്തിന്റെ ചില എഡിഷനുകളില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് താങ്കള്‍ എഴുതിയ കത്ത് കിട്ടി. കുറ്റം ചെയ്ത ഒരാള്‍ പാശ്ചാത്തപിച്ചാല്‍ അതിനെ മുഖ വിലക്കെടുക്കുക എന്നതാണ് ഇസ്‌ലാമിന്റെ സമീപനം. ആ അര്‍ത്ഥത്തില്‍, ഖേദം പ്രകടിപ്പാന്‍ നിങ്ങള്‍ കാണിച്ച സന്നദ്ധതയെയും ഞങ്ങള്‍ വിലമതിക്കുന്നു.


അതേ സമയം, താങ്കള്‍ കത്തില്‍ അവകാശപ്പെടുന്നതു പോലെ ലളിതവും സുതാര്യവുമാണ് കാര്യങ്ങള്‍ എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മതനിരപേക്ഷതയുടേത് എന്ന പോലെ, മത ബഹുമാനത്തിന്റെയും മത സ്വാതന്ത്രത്തിന്റെയും പാരമ്പര്യമാണ് മാതൃഭൂമി എന്നും ഉയര്‍ത്തിപ്പിടിച്ചുള്ളത് എന്ന് താങ്കള്‍ അവകാശപ്പെടുന്നു. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാതൃഭൂമി ദിനപത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും ഉള്ളടക്കത്തെക്കുറിച്ചുള്ള വസ്തുനിഷ്ടമായ ഒരു പഠനം നിങ്ങളുടെ അവകാശവാദത്തെ സാധൂകരിക്കുമെങ്കില്‍ ഞങ്ങള്‍ സന്തോഷമേയുള്ളൂ. പക്ഷേ, മാതൃഭൂമിയുമായുള്ള എന്റെ വ്യക്തിപരമായ അനുഭവം പോലും അങ്ങനെ വിശ്വസിക്കാന്‍ അനുവദിക്കുന്നില്ല എന്നറിയിക്കേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ഞാന്‍ കൂടി ഭാഗവാക്കായ സമീപകാലത്തെ ഒരുദാഹരണം മാത്രം പറയാം. കഴിഞ്ഞ നവംബര്‍ 28നു ഞാന്‍ കോഴിക്കോട് വെച്ചു നടത്തിയ ഒരു പ്രസംഗത്തെ മാതൃഭൂമി ദിനപത്രം എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് ഒന്നു പരിശോധിച്ചു നോക്കൂ. പറയാത്ത കാര്യങ്ങള്‍ എന്റെ പേരില്‍ തെറ്റായി താങ്കളുടെ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചപ്പോള്‍, വസ്തുതകള്‍ വിവരിച്ചുകൊണ്ടും പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കേള്‍ക്കാനുള്ള സൗകര്യം ചെയ്തു കൊണ്ടും മര്‍കസ് മാധ്യമ വിഭാഗം മാതൃഭൂമിയെ ബന്ധപ്പെടുകയുണ്ടായല്ലോ. എന്നാല്‍ സംഭവിച്ചതോ, ആ വിശദീകരണങ്ങള്‍ക്കോ വസ്തുതകള്‍ക്കോ യാതൊരു പരിഗണയും നല്‍കാതെ വസ്തുതാ വിരുദ്ധമായ ആ വാര്‍ത്ത താങ്കളുടെ പത്രം ആഘോഷിക്കുകയായിരുന്നു. ഇത്തരം ആഘോഷങ്ങള്‍ നിഷ്‌കളങ്കമായ ഒരേര്‍പ്പാടായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കണം എന്നാണോ താങ്കള്‍ ആവശ്യപ്പെടുന്നത്?. വിവിധ എഡിഷനുകളില്‍ ആ വാര്‍ത്ത എങ്ങനെയൊക്കെയാണ് മാതൃഭൂമി അവതരിപ്പിച്ചത് എന്ന കാര്യം മുസ്‌ലിം വിഷയങ്ങളെ പ്രാദേശികമായ വിവിധ താല്‍പര്യങ്ങളുമായി ബന്ധപ്പെടുന്നതില്‍ മാതൃഭൂമിയുടെ വൈദഗ്ധ്യത്തിന്റെ കൂടി ഭാഗമായി ഒരാള്‍ മനസ്സിലാക്കുന്നതില്‍ തെറ്റുണ്ടോ?. ആ വാര്‍ത്തക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം എന്നു പല സുഹൃത്തുക്കളും നിയമവിദഗ്ധരും എന്നോട് ആവശ്യപ്പെടുകയുണ്ടായി. പക്ഷേ, ആ സമീപനം വ്യക്തിപരമായ ഒന്നാണെന്ന് വിശ്വസിക്കാത്തത് കൊണ്ടും നേരിട്ടും അല്ലാതെയും എന്റെ പ്രസംഗം കേട്ട ആളുകള്‍ക്കെങ്കിലും മാധ്യമങ്ങളെക്കുറിച്ചുള്ള സമീപനം രൂപപ്പെടുത്താന്‍ അതു സഹായിക്കും എന്നതുകൊണ്ടും സര്‍വ്വോപരി മാധ്യമങ്ങളോട് മാനനഷ്ടത്തിന് പരിഹാരം ആവശ്യപ്പെടുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള അര്‍ത്ഥം ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാള്‍ അല്ലാത്തതുകൊണ്ടും എന്റെ സമയം അതിനു വേണ്ടി ചെലവഴിക്കാന്‍ മിനക്കെട്ടില്ല. മറ്റേതു കാര്യങ്ങളെയും പോലെ ഇസ്‌ലാമിനെക്കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടാവുന്നതിനു ഞങ്ങള്‍ എതിരല്ല. അത്തരം പരിശ്രമങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. പക്ഷേ, ഇസ്‌ലാമിന്റെ കാര്യങ്ങള്‍ എത്തുമ്പോള്‍ സംവാദങ്ങളും വാര്‍ത്തകളുടെ അവതരണവും എല്ലാം ഏകപക്ഷീയമാകുന്ന സമീപനത്തോട് ഞങ്ങള്‍ പൂര്‍ണമായും വിയോജിക്കുന്നു. മുസ്‌ലിംകള്‍ക്കു മാത്രമായി എന്തെങ്കിലും പ്രത്യേക പരിഗണനകളോ സമീപനങ്ങളോ മാതൃഭൂമി സ്വീകരിക്കണം എന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. മാതൃഭൂമി തങ്ങളുടെ ആപ്തവാക്യമായി കാണുന്ന സത്യം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ മാനവിക പരിഗണനകളില്‍ നിന്നു മുസ്്‌ലിംകളെ മാത്രം വേര്‍തിരിച്ചു കാണരുത് എന്നേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ. അതിനുള്ള എന്ത് നടപടികളാണ് മാതൃഭൂമി സ്വീകരിക്കുക എന്നറിയാന്‍ ഈ സമുദായത്തിന് താല്‍പര്യം ഉണ്ട്. ആ വഴിക്കുള്ള ഒരുറപ്പ് നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഒരു മുസ്‌ലിം ഏറ്റവും വലിയ കുറ്റകൃത്യമായി കാണുന്ന പ്രവാചക നിന്ദയാണ് മേല്‍ സൂചിപ്പിച്ച കുറിപ്പ് പ്രസിദ്ധീകരിക്കുക വഴി മാതൃഭൂമി നടത്തിയിരിക്കുന്നത്. ഇത് ചെറിയൊരു അപരാധമായി ഒരു വിശ്വാസിക്ക് കാണാന്‍ കഴിയില്ല. ആ അപരാധത്തെ അതിന്റെ ഗൗരവത്തോടെ ഉള്‍കൊള്ളാന്‍ നിങ്ങളുടെ ഖേദപ്രകടനത്തിനും തുടര്‍നടപടികള്‍ക്കും കഴിയട്ടെ എന്നാഗ്രഹിക്കുന്നു. അത്തരം നടപടികള്‍ക്ക് പൂര്‍ണ്ണത ഉണ്ടാകണമെങ്കില്‍ മുസ്്‌ലിംകളോട്, മുസ്‌ലിം ചിഹ്നങ്ങളോട്, മുസ്‌ലിം സംസ്‌കാരങ്ങളോട്, മുസ്‌ലിം കളുടെ ന്യായമായ ആവശ്യങ്ങളോട്, മുസ്‌ലിം കളെക്കുറിച്ചുള്ള സംവാദങ്ങളോട് മാതൃഭൂമി സ്വീകരിച്ചു പോരാറുള്ള സമീപനങ്ങളില്‍ കൂടി മാറ്റം വരുത്തണം. പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള കുറിപ്പ് പ്രസിദ്ധീകരിക്കാന്‍ കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിച്ചു കൊണ്ടല്ല, മറിച്ച് മുസ്‌ലിം വിഷയങ്ങളോട് പുലര്‍ത്തുന്ന സമീപനത്തില്‍ ഗുണാത്മകമായ മാറ്റം വരുത്തിക്കൊണ്ട് വേണം മാതൃഭൂമി ആ തെറ്റു തിരുത്താന്‍ എന്നു ആഗ്രഹിക്കുകയും ചെയ്യുന്നു. സ്വയം വിമര്‍ശനപരമായ അത്തരമൊരു സമീപനം സ്വീകരിക്കാനെങ്കിലും ഈ സംഭവവികാസങ്ങള്‍ ഒരു കാരണമായി തീരട്ടെ.


സ്‌നേഹപൂര്‍വ്വം,


കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍


14.03.2016 – കാരന്തൂര്‍

About us

bbbDesigned by : Jabir Kollam

WHO'S ONLINE