ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ സൗജന്യ വിമാന ടിക്കറ്റുമുതല്‍ കാര്‍വരെ സമ്മാനമായി നേടാം. ഡല്‍ഹി പോലീസാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോയും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബസ്സി മാധ്യമങ്ങളോട് പറഞ്ഞു. ഓരോ തവണയും ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യുന്നവര്‍ക്ക് നിശ്ചിത പോയിന്റുകള്‍ ലഭിക്കും. കൂടുതല്‍ നിയമ ലംഘനങ്ങള്‍ പോലീസിനെ അറിയിക്കുന്നവര്‍ക്കാവും സമ്മാനങ്ങള്‍ ലഭിക്കുക. 

സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പോലീസ് പിന്നീട് പ്രഖ്യാപിക്കും. ചുവപ്പ് സിഗ്നല്‍ മറികടക്കല്‍, അപകടകരമായ ഡ്രൈവിങ്, വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയുടെ വീഡിയോതന്നെ അയയ്‌ക്കേണ്ടിവരും. മറ്റ് നിയമലംഘനങ്ങളുടെ  ഫോട്ടോ അപ് ലോഡ് ചെയ്താല്‍ മതിയാവുമെന്ന് ട്രാഫിക് പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ മുക്തേഷ് ചന്ദര്‍ പറഞ്ഞു. ചുവന്ന സിഗ്നല്‍ മറികടക്കുന്നതും അപകടകരമായി വാഹനം ഓടിക്കുന്നതും ശ്രദ്ധയില്‍പ്പെടുത്തുന്നവര്‍ക്ക് മൂന്ന് പോയിന്റ് ലഭിക്കും.

കാറാണ് ഒന്നാം സമ്മാനം. മോട്ടോര്‍ബൈക്കും സൗജന്യ വിമാനടിക്കറ്റുമാണ് രണ്ടും മൂന്നും സമ്മാനങ്ങള്‍. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഡിസംബര്‍ 15 ന് ഡല്‍ഹി പോലീസ് പ്രഖ്യാപിക്കും.