Monday, 23 Jumada al-awwal 1438
You are here: HomeOrganizationInstitutions
കുറ്റിയാടി: വീണ്ടെടുത്ത ചരിത്രം കരുത്താര്‍ജിച്ചതിന്റെ നേരടയാളമായി ഒഴുകിയെത്തിയ പതിനായിരങ്ങള്‍ തീര്‍ത്ത മഹാപ്രവാഹത്തോടെ സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. വിശുദ്ധിയുടെ നന്മമരങ്ങള്‍ കടപുഴക്കുന്നവര്‍ക്കും പൈതൃകങ്ങള്‍ തച്ചുടക്കുന്നവര്‍ക്കുമുള്ള താക്കീതായിരുന്നു ഈ മഹാമുന്നേറ്റം. രണ്ടര പതിറ്റാണ്ടിന്റെ വളര്‍ച്ചയും കരുത്തും സംഗമിച്ച സയാഹ്നത്തിലായിരുന്നു സമാപനസമ്മേളനം. പണ്ഡിത നേതൃത്വത്തിന്റെ വിശുദ്ധിയും അന്താരാഷ്ട്ര പ്രമുഖരുടെ സാന്നിധ്യവും സമാപന സംഗമം പ്രൗഢമാക്കി. അറബ് ലീഗ് മിഷന്‍ അംബാസിഡര്‍ ശൈഖ് അബ്ദുല്‍ അബ്ബാസ് നാഇഫ് അല്‍ മസ്ഊദി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനയും സിറാജുല്‍ ഹുദാ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സന്ദേശ പ്രഭാഷണവും നടത്തി. ടുണീഷ്യ അംബാസിഡര്‍ ജമാല്‍ ബോജ്ദാറിയ മുഖ്യാതിഥിയായിരുന്നു. സിറാജുല്‍ ഹുദാ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ട് രണ്ടര പതിറ്റാണ്ടായി നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന കാന്തപുരത്തിന് സമ്മേളനം ആദരവ് അര്‍പ്പിച്ചു. അറബ് ലീഗ് മിഷന്‍ അംബാസിഡര്‍ ഉപഹാരം നല്‍കി. സിറാജുല്‍ ഹുദായുടെ ആദ്യ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയ സയ്യിദ് അലി ബാഫഖി തങ്ങളെ ജോര്‍ദാന്‍ അംബാസിഡറുടെ നേതൃത്വത്തിലാണ് ആദരിച്ചത്. സിറാജുല്‍ ഹുദാ ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദ്ദാനം സമസ്ത വൈസ് പ്രസിഡന്റ് അലികുഞ്ഞി മുസ്‌ലിയാര്‍ ശിറിയ നിര്‍വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ശൈഖ് റാശിദ് അല്‍ളാഹിരി യു എ ഇ, പ്രൊഫ. അഹമ്മദ് യൂസുഫ് സംസമി (ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റി, മക്ക) ഡോ. വലീദ് മസ്ഊദ് ന്യൂയോര്‍ക്ക് (എക്‌സിറ്റര്‍ യൂനിവേഴ്‌സിറ്റി, ലണ്ടന്‍), ഡോ. മുഹമ്മദ് യൂനുസ് ഫാലിഹ് (ജനറല്‍ സെക്രട്ടറി, ദാറുല്‍ ഇഫ്താ, ജോര്‍ദാന്‍) ബഹാഉദ്ദീന്‍ ഉസ്മാന്‍ (ജോര്‍ദാന്‍), ഡോ. അതിയ്യ മുഹമ്മദ് യൂസുഫ് (അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി, ഈജിപ്ത്), ശൈഖ് മുഹമ്മദ് ലുത്വുഫി (അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി, ഈജിപ്ത്), ശൈഖ് അയ്യൂബ്ഖാന്‍ നഈമി (പ്രിന്‍സിപ്പല്‍, ജാമിഅ നഈമിയ്യ യു പി) ശൈഖ് സയ്യിദ് വഖാര്‍ അഹമ്മദ് (ജാമിഅ മസ്ജിദ്, ഡല്‍ഹി) സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സയ്യിദ് ത്വാഹ തങ്ങള്‍, മജീദ് കക്കാട്, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത് പ്രസംഗിച്ചു. കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. രാവിലെ നടന്ന പ്രവാസി സമ്മേളനം കര്‍ണാടക ഭക്ഷ്യ മന്ത്രി യു ടി എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി എം ഇബ്‌റാഹിം മുഖ്യാഥിതിയായിരുന്നു. തുടര്‍ന്ന് നടന്ന ഉലമാ ഉമറാ സമ്മേളനം അലി മുസ്‌ലിയാര്‍ കുമരംപുത്തൂരും പ്രൊഫഷണല്‍ മീറ്റ് ഡോ. ഇ എന്‍ അബ്ദുല്‍ലത്വീഫും ഉദ്ഘാടനം ചെയ്തു. 
കുറ്റിയാടി: മനുഷ്യത്വത്തിനും ധര്‍മത്തിനുമെതിരെയുള്ള യുദ്ധമാണ് ഇന്ന് ആഗോളതലത്തില്‍ നടക്കുന്നതെന്ന് അഖിലേന്ത്യാ സുന്നീജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വംശീയ വിരോധം പച്ചയായി പ്രകടിപ്പിച്ച് അഭയാര്‍ഥികളോട് പോലും ക്രൂരത കാട്ടുന്ന ഭരണക്രമത്തില്‍ ലോകത്തിന് എന്ത് നീതിയാണ് പ്രതീക്ഷിക്കാന്‍ കഴിയുകയെന്ന് കാന്തപുരം ചോദിച്ചു. കുറ്റിയാടി സിറാജുല്‍ഹുദ സില്‍വര്‍ജൂബിലി സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അശരണര്‍ക്ക് മുന്നില്‍ വാതില്‍ തുറക്കുന്നതാണ് മനുഷ്യത്വപരമായ സമീപനം. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിലൂടെ വിഭാഗീയതയുടെയും വര്‍ഗീയതയുടെയും സന്ദേശമല്ലാതെ മറ്റെന്താണ് അമേരിക്കന്‍ പ്രസിഡന്റ് ലോകത്തിന് നല്‍കുന്നത്? ആറ് വര്‍ഷമായി യുദ്ധം തുടരുന്ന സിറിയയിലെ നിരപരാധികളായ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും യുദ്ധപീഡനവും ഭീകരതയുംമൂലം പലായനം ചെയ്യുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ വാതിലുകള്‍ കൊട്ടിയടക്കുന്നത് ഏത് നീതിശാസ്ത്രത്തിന്റെ പേരിലാണ്. ട്രംപിനെ പോലെയുള്ള അഹങ്കാരികള്‍ക്ക് മാത്രമെ ഇതിനെ ന്യായീകരിക്കാന്‍ കഴിയൂ. ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാതെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പരിശുദ്ധ ഇസ്‌ലാമിനെ മറയാക്കിയ ഒരു ന്യൂനപക്ഷത്തിന്റെ ചെയ്തികള്‍ക്ക് ഈ നിരപരാധികളെയാണോ ശിക്ഷിക്കേണ്ടത്. ഈ രാജ്യങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചതില്‍ വന്‍ ശക്തികളുടെ പങ്ക് നിഷേധിക്കാന്‍ കഴിയുമോ? വ്രണിതഹൃദയരായ അഭയാര്‍ഥികളെ സാന്ത്വനപ്പെടുത്താനുള്ള ശ്രമങ്ങളാണ് മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാവങ്ങളോട് കനിവു കാട്ടാനുമാണ് പരിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്. നമ്മുടെ നന്മയും സ്‌നേഹവായ്പും നീതിബോധവും നഷ്ടപ്പെട്ടികൊണ്ടിരിക്കുന്നതില്‍ അങ്ങേയറ്റം വേദനയുണ്ട്. കഴിഞ്ഞ ദിവസം നമ്മുടെ പാര്‍ലിമെന്റും രാജ്യസഭയും ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ പോലും ഞെട്ടല്‍ ഉളവാക്കുന്നവയാണ്. അമ്പത് വര്‍ഷം ഈ രാജ്യത്തെ രാഷ്ട്രീയ പ്രക്രിയകളില്‍ വലിയ പങ്ക് വഹിച്ച ഇ അഹ്മദിന്റെ മരണസമയത്ത് പോലും ബന്ധപ്പെട്ടവര്‍ നീതികേട് കാണിച്ചുവെന്ന് അദ്ദേഹത്തിന്റെ മക്കളും സമൂഹവും പറയുമ്പോള്‍ നാം എവിടെയാണ് എത്തിനില്‍ക്കുന്നത്. നമ്മുടെ സങ്കുചിത താത്പപര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യമനസ്സുകളെ പരസ്പരം അകറ്റരുത്. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ സവിശേഷത. ഇത് ആരും മറന്നുകളയരുത്. മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരായി കാണുന്ന ഒരു സമൂഹം ലോകത്ത് വളര്‍ന്ന് വരികയാണ്. ഇതിലൂടെ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാമെന്നാണ് സ്വപ്നമെങ്കില്‍ അത് സാക്ഷാത്കരിക്കപ്പെടില്ല. ഏതെങ്കിലും ചെറിയ വിഭാഗം ചെയ്യുന്ന തെറ്റുകളുടെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് യുക്തിയല്ല. എല്ലാമതങ്ങളിലും തെറ്റുകാരുണ്ടാകും. അത് ആ മതത്തിന്റെ പേരില്‍ ചേര്‍ക്കുന്നത് ശരിയല്ല- കാന്തപുരം പറഞ്ഞു. 
കുറ്റിയാടി: ആദര്‍ശ കേരളത്തിന്റെ അഭിമാന സമുച്ചയത്തില്‍ ഇനി മൂന്ന് നാള്‍ സില്‍വര്‍ ജൂബിലിയുടെ ആവേശത്തിളക്കം. സ്‌നേഹത്തിന്റെ ലാളിത്യവും സേവനത്തിന്റെ കരുത്തും സമാധാനത്തിന്റെ സന്ദേശവും വിളംബരം ചെയ്യുന്ന കുറ്റിയാടി സിറാജുല്‍ ഹുദായുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് ഇന്ന് ഔപചാരിക തുടക്കം. കുറ്റിയാടി വയനാട് റോഡിലുള്ള സമ്മേളന നഗരിയില്‍ വൈകുന്നേരം 3.30ന് ജോര്‍ദാന്‍ ഗ്രാന്റ ് മുഫ്തി ശൈഖ് അബ്ദുല്‍ കരീം ഖസാവിനി സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ഥന നടത്തും. വലീദ് മുഹമ്മദ് മസ്ഊദ് ന്യൂയോര്‍ക്ക്, മസ്ഊദ് അന്‍സാരി കാനഡ, പി ടി എ റഹീം എം എല്‍ എ, കാലിക്കറ്റ് വി സി ഡോ. കെ മുഹമ്മദ് ബഷീര്‍, ഡോ. ഉസ്മാന്‍, മുഫ്തി അയ്യൂബ് ഖാന്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, അബ്ദുര്‍റശീദ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഫള്ല്‍ തങ്ങള്‍ വാടാനപ്പള്ളി, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, അബൂഹനീഫല്‍ ഫൈസി തെന്നല, സി മുഹമ്മദ് ഫൈസി, കെ പി അബുബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, മുഹമ്മദ് മുസ്‌ലിയാര്‍ കുടക്, വി പി എം ഫൈസി വില്ല്യാപ്പള്ളി, മാരായമംഗലം അബ്ദുര്‍ഹ്മാന്‍ ഫൈസി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ കരീം ഹാജി ചാലിയം, എം എന്‍ കുഞ്ഞമ്മദ് ഹാജി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, മന്‍സൂര്‍ ഹാജി ചെന്നൈ, എസ് കെ ഖാദര്‍ ഹാജി ബെംഗളൂരു, സക്കീര്‍ പന്തളം, മജീദ് കക്കാട്, അബദുര്‍റശീദ് നരിക്കോട്, സൈഫുദ്ദീന്‍ ഹാജി, വി എം കോയ മാസ്റ്റര്‍, കെ എം എ റഹീം, അശ്‌റഫ് സഅദി മള്ളൂര്‍. വി ഉമ്മര്‍ ഹാജി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സംബന്ധിക്കും. സിറാജുല്‍ ഹുദാ ന്യൂ ക്യാമ്പസില്‍ നിര്‍മാണം പൂര്‍ത്തിയായ മസ്ജിദ് ഖദീജതുല്‍ കുബ്‌റാ ഇന്ന് ജുമുഅ നിസ്‌കാരത്തിന് നേതൃത്വം നല്‍കി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വയനാട് റോഡിന് സമീപം മൂന്ന് നിലകളില്‍ മൂവായിരത്തിലധികം പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാന്‍ സൗകര്യമുള്ള വിധത്തിലാണ് മസ്ജിദ്. വൈകീട്ട് ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും സംബന്ധിക്കും. 
മലപ്പുറം: യുവതലമുറയില്‍ രാജ്യപുരോഗതിക്കാവശ്യമായ വിജ്ഞാനവും നൈപുണ്യവും വളര്‍ത്തുന്നതിന് ദേശീയ തലത്തില്‍ വിദ്യാഭ്യാസ- തൊഴില്‍ പരിശീലനം നല്‍കിവരുന്ന ഏജന്‍സിയായ നേറ്റീവ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ട്രൈനിംഗ് കൗണ്‍സില്‍ അംഗീകാരത്തോടെ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ ഈ മാസം ആദ്യവാരം ആരംഭിക്കുന്ന ബാച്ചിലേക്ക് വിവിധ തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാമിലി കൗണ്‍സിലിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രൈനിംഗ് (മോണ്ടിസോറി), സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ തെറാപി, സര്‍ട്ടിഫിക്കറ്റ് ഇന്‍ മീഡിയ റൈറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈലറിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ബുക്ക് ബൈന്റിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് അടിസ്ഥാന യോഗ്യത എസ് എസ് എല്‍ സിയാണ്. കൂടുതല്‍ വിവരങ്ങളും രജിസ്‌ട്രേഷനും 9645642285, 9995950868 എന്നി നമ്പറുകളില്‍ ലഭ്യമാണ്. 

Calender

« February 2017 »
Mon Tue Wed Thu Fri Sat Sun
    1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28          

About Sunn Online Class

logokm88888Designed by : JABIR-KOLLAM

Social Icons