Thursday, 01 Jumada al-awwal 1439
You are here: HomeOrganizationInstitutionsരാജ്യത്തെ ഏറ്റവും വലിയ മീലാദ് സമ്മേളനം നാളെ കോഴിക്കോട് കടപ്പുറത്ത്

രാജ്യത്തെ ഏറ്റവും വലിയ മീലാദ് സമ്മേളനം നാളെ കോഴിക്കോട് കടപ്പുറത്ത്

Published in Institutions
09 January 2016

കോഴിക്കോട്: പ്രവാചക പ്രകീര്‍ത്തനങ്ങളുമായി ജനലക്ഷങ്ങള്‍ അണിനിരക്കുന്ന അന്തരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ് നാളെ. കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ മീലാദ് കോണ്‍ഫറന്‍സിനാണ് നാളെ വൈകീട്ട് കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിക്കുക. ‘സ്‌നേഹമാണ് വിശ്വാസം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ അന്തരാഷ്ട്ര രംഗത്ത് ശ്രദ്ധേയരായ ഇസ്‌ലാമിക പണ്ഡിതരും പ്രബോധകരും സൂഫിവര്യന്മാരും സംബന്ധിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ത്വാബ ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഹബീബ് അലി ജിഫ്‌രി (യമന്‍) ആണ് മുഖ്യാതിഥി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. വിവിധ രാഷ്ട്രങ്ങളില്‍ നടന്നുവരുന്ന നബിദിനാഘോഷ പരിപാടികളുടെ സമാപ്തികുറിച്ചാണ് കോഴിക്കോട് സമ്മേളനം നടക്കുന്നത്. അഹ്മദ് സഅ്ദ് അല്‍ അസ്ഹരി (ഇംഗ്ലണ്ട്), ഓന്‍ മുഈന്‍ അല്‍ ഖദൂമി (ജോര്‍ദാന്‍), റാശിദ് ഉസ്മാന്‍ അല്‍ സക്‌റാന്‍ (സഊദി അറേബ്യ), ശൈഖ് അഹ്മദ് ഇബ്‌റാഹിം (സോമാലിയ), ജമാല്‍ കലൂതി (അമ്മാന്‍), അഹ്മദ് മുഹമ്മദ് ഹസന്‍ (യമന്‍), ഖ്വാജാ ശൗഖ (തുര്‍ക്കി) തുടങ്ങിയ വിദേശ പ്രതിനിധികളെ കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വാസികളും പങ്കെടുക്കും.  കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ വിശാലമായ സമ്മേളന നഗരിയില്‍ വൈകീട്ട് നാലിന് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നടത്തും. ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി പ്രസംഗിക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ കുറാ നേതൃത്വം നല്‍കും.  സമ്മേളനത്തിന്റെ മുന്നോടിയായി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന അന്തര്‍ദേശീയ പ്രബോധന സമ്മേളനത്തിന് ഇന്നലെ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ തുടക്കം കുറിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് കലിക്കറ്റ് ടവര്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ പണ്ഡിത സമ്മേളനവും ചര്‍ച്ചയും നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, അമീര്‍ ഹസന്‍, അഡ്വ. സമദ് പുലിക്കാട്, യാസര്‍ അറഫാത്ത് നൂറാനി സംബന്ധിച്ചു.  2

About us

bbbDesigned by : Jabir Kollam

WHO'S ONLINE