Sunday, 07 Dhu al-Hijjah 1439
You are here: HomeOrganizationSamasthaപ്രധാനമന്ത്രിയും കേന്ദ്രഭരണ നേതൃത്വവും ജാഗ്രതപാലിക്കണം: സമസ്ത

പ്രധാനമന്ത്രിയും കേന്ദ്രഭരണ നേതൃത്വവും ജാഗ്രതപാലിക്കണം: സമസ്ത

Published in Samastha
24 October 2015

കോഴിക്കോട് : രാജ്യത്തെ ആനുകാലിക സംഭവ വികാസങ്ങളില്‍ പ്രധാനമന്ത്രിയും കേന്ദ്ര ഭരണ നേതൃത്വവും ജാഗ്രതപാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ ആഹ്വാനം ചെയ്തു. മാട്ടിറച്ചി കഴിക്കുന്നവരെയും മാടുകളെ വാഹനങ്ങളില്‍ കൊണ്ടു പോകുന്നവരെയും അരും കൊലചെയ്യുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നവരെ പോലും വേട്ടയാടുന്ന കടുത്ത ഭീകരതയാണ് രാജ്യത്ത് നടമാടുന്നത്. ദാദ്രി സംഭവം രാജ്യത്തെയാകെ പിടിച്ചുകുലുക്കിയിട്ടും ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തില്‍ നിസ്സംഗമായി നില്‍ക്കുന്നത് പൗരമാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്.കൊലയാളികള്‍ക്കും അക്രമികള്‍ക്കും പ്രോല്‍സാഹനം നല്‍കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ മാതൃകാപരമായ നടപടികളെടുക്കാന്‍ കഴിയാത്തത് ഉത്കണ്ഠാ ജനകമാണ്. പശുവിനെയും മറ്റു മൃഗങ്ങളെയും അല്ലാത്തതിനെയും ആരാധിക്കാന്‍ ഇന്ത്യാ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. എന്ന പോലെ ഏത് ഭക്ഷണം കഴിക്കാനും ഇവിടെ പൗരന് അവകാശമുണ്ട്. രണ്ടും സംരക്ഷിക്കപ്പെടണം. രാജ്യത്തെ അസഹിഷ്ണുക്കളായ ഒരു വിഭാഗം ചെയ്യുന്ന ഇത്തരം ദുഷ്‌ചെയ്തികളെ മഹാഭൂരിഭാഗം വരുന്ന ഹൈന്ദവരും അംഗീകരിക്കുന്നില്ല. മാട്ടിറച്ചി കഴിക്കുന്നവരെ വംശഹത്യ ചെയ്യണമെന്ന് പറയുന്ന ഈ ചെറിയ വിഭാഗത്തെ നിലക്കുനിര്‍ത്തി രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കാന്‍ ഭരണ കര്‍ത്താക്കള്‍ക്ക് ബാധ്യതയുണ്ട്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് രാഷ്ട്രപതി നാലുതവണ നടത്തിയ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതാണ്. മനുഷ്യത്വവും ബഹുസ്വരതയും ഇന്ത്യന്‍ ദേശീയതയുടെ ആത്മാവാണെന്നും സഹിഷ്ണുതയാണ് നമുക്ക് വേണ്ടതെന്നും തൊട്ടടുത്ത ദിവസങ്ങളില്‍ രാഷ്ട്രപതിക്ക് തുടര്‍ച്ചയായി നാലുതവണ രാജ്യത്തോട് പറയേണ്ടിവന്നത് തന്നെ രാജ്യം കടന്നുപോകുന്ന പ്രതിസന്ധികളെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ നാടിന് വേണ്ടി വെടിയുണ്ടയേറ്റ് മരിച്ച രാഷ്ട്രപിതാവിനെ കൊന്ന നാഥൂറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ബലിദാന ദിനമായി ഹിന്ദുമഹാസഭ’ ആചരിക്കുന്നു എന്ന വാര്‍ത്തപോലും ലജ്ജാകരമാണ്. അസഹിഷ്ണുതയുടെ ഈ അന്തരീക്ഷം രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ അന്തസ്സും അഭിമാനവും കളങ്കപ്പെടുത്തും. ഇപ്പോള്‍തന്നെ ദേശാന്തരീയ മാധ്യമങ്ങള്‍ നമ്മുടെ നാടിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യങ്ങള്‍ ശുഭകരമല്ല. സഹജീവി സ്‌നേഹവും പരസ്പര വിശ്വാസവും വളര്‍ത്താന്‍ ഒറ്റക്കെട്ടായി ഈ രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ മുന്നോട്ട് വരണമെന്ന് സമസ്ത മുശാവറ പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലൂല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  

About us

bbbDesigned by : Jabir Kollam

WHO'S ONLINE